10-April-2023 -
By. sports desk
കൊച്ചി : ലോകട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്‌സില്‍ 5 കിലോമീറ്റര്‍ മാരത്തണില്‍ പങ്കെടുക്കാന്‍ പോകുന്ന ഡിനോയ് തോമസിന് ആശംകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരായ പി. രാജീവും, എം.ബി. രാജേഷും. എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ ജേഴ്‌സി കൈമാറിയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡിനോയിക്ക് യാത്രയയപ്പ് നല്‍കിയത്.ഏപ്രില്‍ 15 മുതല്‍ 21 വരെ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലാണ് ലോകട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്‌സ് നടക്കുന്നത്. അവയവം മാറ്റിവച്ചവര്‍ക്കും ദാതാക്കള്‍ക്കുമായിട്ടാണ് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരത്തോടെ ട്രാന്‍സ്പ്ലാന്റ് ഒളിമ്പിക്‌സ് സംഘടിപ്പിക്കുന്നത്. കേരളത്തില്‍ നിന്ന് ആദ്യമായാണ് ഒരാള്‍ ഇതില്‍ പങ്കെടുക്കന്നത്. ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ജോ ജോസഫും മെഡിക്കല്‍ സംഘത്തിന്റെ ഭാഗമായി ഇന്ത്യന്‍ ടീമിനൊപ്പം പെര്‍ത്തിലേക്ക് പോകുന്നുണ്ട്.കഴിഞ്ഞ ഡിസംബറില്‍ കൊച്ചിയില്‍ നടന്ന സ്‌പൈസ് കോസ്റ്റ് മാരത്തണോനോടനുബന്ധിച്ച് സംഘടിപ്പിച്ച 5 കിലോമീറ്റര്‍ ഓട്ടം വിജയകരമായി പൂര്‍ത്തീകരിച്ച ഡിനോയ് തോമസിനെ അഭിനന്ദിച്ചു കൊണ്ട് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ട്വീറ്റ് ചെയതിരുന്നു.
ഒന്‍പത് വര്‍ഷങ്ങള്‍ക്കു മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2013 സെപ്റ്റംബര്‍ 20 ന് ആണ് കളമശ്ശേരി കൈപ്പടമുഗള്‍ സ്വദേശി ഡിനോയ് തോമസിന് (39)എറണാകുളം ലിസി ആശുപത്രിയില്‍ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തില്‍ ഹൃദയം മാറ്റി വച്ചത്. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി ലിബുവിന്റെ ഹൃദയമാണ് ഡിനോയിയില്‍ ഇപ്പോള്‍ മിടിക്കുന്നത്. ഡൈലേറ്റഡ് കാര്‍ഡിയോ മയോപതി എന്ന അസുഖം മൂലം നടക്കുവാന്‍ പോലും കഴിയാത്ത അവസ്ഥയില്‍ നിന്നും ഇപ്പോള്‍ സ്വന്തമായി അധ്വാനിച്ച് കുടുംബം പുലര്‍ത്തുവാന്‍ ഡിനോയിക്ക് സാധിക്കുന്നു. ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് ശേഷം 2015 സെപ്റ്റംബറില്‍ കളമശേരി ടൊയോട്ടയില്‍ െ്രെഡവര്‍ ആയി ജോലിക്ക് കയറിയ ഡിനോയ് കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ ഇന്നോവ, ഫോര്‍ച്ച്യൂണര്‍ എന്നിവ അടക്കമുള്ള വലിയ വാഹനങ്ങള്‍ തനിയെ ഓടിച്ചു പോകും. സാധാരണയായി വൈകിട്ട് 6 മണിക്ക് അവസാനിക്കുന്ന ജോലിക്ക് ശേഷം സമയം ഒട്ടും കളയാതെ രാത്രി 11 വരെ ഡിനോയി എച്ച്. എം. റ്റി ജംഗ്ഷനില്‍ ഓട്ടോറിക്ഷ ഓടിക്കുന്നുണ്ട്.അവയവദാനത്തിന്റെ മഹത്വം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഡോ. ജോസ് ചാക്കോ പെരിപ്പുറം ചെയര്‍മാനായുള്ള ഹാര്‍ട്ട്‌കെയര്‍ ഫൗണ്ടേഷന്‍ ആണ് ഈ യാത്രയ്ക്ക് മുന്‍കൈ എടുക്കുന്നത്.
ഡിനോയിയുടെ യാത്രാ ചെലവുകള്‍ വഹിക്കുന്നത് അദ്ദേഹം ജോലി ചെയ്യുന്ന നിപ്പോണ്‍ ടൊയോട്ടാ ഗ്രൂപ്പ് ആണ്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞപ്പോള്‍ മനസ്സ് പതറിപ്പോയ ഡിനോയിക്ക് ധൈര്യം പകര്‍ന്ന് അന്ന് കൂടെ നിന്നത് പ്രശസ്ത സിനിമാതാരവും എം. പി. യുമായിരുന്ന ഇന്നസെന്റ് ആയിരുന്നു. ഇന്നസെന്റ് അന്ന് കാണുവാന്‍ എത്തിയതും ചേര്‍ത്ത് പിടിച്ച് തന്റെ സ്വതസിദ്ധമായ നര്‍മ്മം കലര്‍ന്ന ശൈലിയിലൂടെ ആത്മവിശ്വാസം പകര്‍ന്ന് നല്‍കിയതും ഡിനോയ് ഇന്നും നന്ദിയൊടെ ഓര്‍ക്കുന്നുണ്ട്.ഹൃദയം മാറ്റിവയ്ക്കല്‍ ശസ്തക്രിയ കഴിഞ്ഞ ആദ്യനാളുകളില്‍ ഓട്ടോ ഓടിക്കുവാന്‍ കഴിയാതെ വീട്ടിലിരുന്നപ്പോള്‍ ഡേറ്റ എന്‍ട്രി നടത്തി വരുമാനം ഉണ്ടാക്കുന്നതിനായി അന്ന് രാജ്യസഭ എം.പി യായിരുന്ന പി. രാജീവ് ഡിനോയിക്ക് ലാപ്‌ടോപ്പ് സമ്മാനിച്ചിരുന്നു.ഹൃദയം മാറ്റിവെയ്ക്കല്‍ പോലുള്ള ശസ്ത്രക്രിയകള്‍ക്ക് ശേഷം രോഗികള്‍ക്ക് സാധാരണ ജീവിതം നയിക്കുവാന്‍ കഴിയില്ല എന്ന് ചിലര്‍ നടത്തുന്ന കുപ്രചരണങ്ങള്‍ക്കുള്ള മറുപടി കൂടിയാണ് ഡിനോയ് നല്‍കുന്നതെന്ന് ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു.ലിസി ആശുപത്രി ഡയറക്ടര്‍ ഫാ. പോള്‍ കരേടന്‍ നന്ദി പറഞ്ഞ ചടങ്ങില്‍ ഡോ. റോണി മാത്യു കടവില്‍, രാജു കണ്ണമ്പുഴ, ജോര്‍ജ് നോവല്‍റ്റി, വി.ആര്‍. രാജേഷ്, ജെറി ജേക്കബ്ബ് മാത്യു എന്നിവരും ഡിനോയ് തോമസിന്റെ കുടുംബവും പങ്കെടുത്തു.